ഇപ്പോൾ എനിക്ക് മാനസിക മാലിന്യ നിർമാർജ്ജനം എന്നു കേൾക്കുമ്പോൾ ഒരു ഞെട്ടലാണ്!
കാരണം നിരുപദ്രവമായി അവസാനിക്കുമായിരുന്ന ഒരു സ്റ്റാഫ് മീറ്റിങ്ങ് നാവിലെ ഗുളികൻ കുളമാക്കിയതാണ്.
ഓഫ്ഫീസ്സിലെ ഒരു സ്റ്റാഫ് മീറ്റിങ്ങിൽ ഓഫ്ഫീസ്സന്തരീക്ഷം പൊതുജന സൌഹൃദവും സമ്മർദ്ദരഹിതവുമാക്കുന്നതിനെക്കുറിച്ച് ഒരു കാച്ചു കാച്ചി. വ്യക്തിത്വ വികസന ക്ലാസായിരുന്നു പ്രചോദനം.
“നമ്മളെല്ലാവരും മാലിന്യ നിർമാർജ്ജനത്തെ ക്കുറിച്ച് പറയാറുണ്ട്.വെറും പ്ലാസ്റ്റിക് അല്ലെങ്കിൽ ഭൌതിക മാലിന്യങ്ങൾ മാത്രമല്ല അന്തരീക്ഷം മലിനമാക്കുന്നത്.മാനസിക മാലിന്യവും പ്രശ്നമുണ്ടാക്കുന്നുണ്ട്.അതിനാൽ അതും നിർമാർജ്ജനം ചെയ്താലെ ഓഫ്ഫിസന്തരീക്ഷം രസകരവും കസ്റ്റമർ ഫ്രണ്ട്ലിയുമാകൂ.....” ഇങ്ങനെ തുടർന്നു ഭാഷണം...വെളുത്ത കൊലുന്നനെയുള്ള ഒരു സീനിയർ ഗുമസ്തയ്ക്ക് ഇത് അശേഷം പിടിച്ചില്ല.ആൾ അവിടെവെച്ചുതന്നെ പൊട്ടിത്തെറിച്ചു.ഇത് എന്നേമാത്രം ഉദ്ദേശിച്ചാണു... എന്നേമാത്രം ഉദ്ദേശിച്ചാണു..എന്നു ആക്രൊശിച്ചുകൊണ്ടവർ സീറ്റിലേക്ക് ഓടിപ്പോയി.
പിറ്റേന്നാണ് ഞാൻ ചെയ്ത കൊടിയ അപരാധത്തിന്റെ തീഷ്ണത എനിക്ക് ശരിക്കും ബോദ്ധ്യപ്പെട്ടത്.ആദ്യം എന്നെ വിചാരണ ചെയ്യാനെത്തിയത് സ്റ്റാഫ് സെക്രട്ടറിയും സംഘവുമാണ്.ഒരുകട്ടൻ ചായയുടെ ഇടവേളയിൽ യൂനിയൻ നേതാവും നാലു കൊമ്പന്മീശക്കാരും വന്ന് എന്നെ വിരട്ടി.ഒടുവിൽ ഗുമസ്തയുടെ ഭർത്താവെത്തിയപ്പോഴേക്കും ഞാനൊരു പരുവമായികഴിഞ്ഞിരുന്നു.അങ്ങേർ എനിക്ക് ഒരു ഉപദേശവും തന്നു.സർക്കാർ ഓഫ്ഫീസ്സിൽ സുവിശേഷപ്രസംഗമൊന്നും നടത്തി നന്നാക്കേണ്ട.കിട്ടുന്ന ശമ്പളവും പോക്കറ്റിലിട്ടോണ്ട് പോയേച്ചാമതി.അല്ലെങ്കിൽ വിവരമറിയും.
എന്റമ്മോ...ഏതുനേരത്താണാവോ നാവിൽ ഗുളികനു വിളയാടാൻ തോന്നിയത്!
ഇന്നിപ്പോൾ സേവനപുസ്തകത്തിൽ അവശേഷിക്കുന്ന അവധിയുമെടുത്ത് കമ്പ്യൂട്ടറിനുമുന്നിലിരിക്കേണ്ടുന്ന സ്ഥിതിയിലെത്തിച്ചില്ലേ എന്നെയവൻ...!
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം